തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്നുണ്ടെങ്കിലും തിരിച്ചെത്തുന്നവരില്‍ വെറും 20 ശതമാനത്തോളം പേരെ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 78,000ത്തിലേറെ പ്രവാസികളാണ് നിലവില്‍ സംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നത്. പ്രവാസികള്‍ തിരിച്ചെത്തി തുടങ്ങിയ രണ്ട് ദിവസം മാത്രമാണ് 1500ലേറെ പരിശോധനകള്‍ നടന്നത്. എന്നാല്‍ വിദഗ്ധരുടെ നിര്‍ദേശം പ്രകാരം പ്രതിദിനം 20,000 പരിശോധനകള്‍ക്ക് വരെ കേരളം സജ്ജമാകണമെന്നാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും, സര്‍ക്കാരിന്റെയും പ്രതികരണം. പരിശോധനകളുടെ എണ്ണം പര്യാപ്തമാണെന്നും കിറ്റുകള്‍ ആവശ്യത്തിനുണ്ടെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.