തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ സമയം കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും വ്യാ​പാ​രി നേ​താ​ക്ക​ളും ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. ഓ​ണം, ബ​ക്രീ​ദ് വി​പ​ണി​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​മ​രം പൊ​ടു​ന്ന​നെ പി​ന്‍​വ​ലി​ച്ച​തി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ള്ള​താ​യാ​ണ് സൂ​ച​ന. വ്യാ​പാ​രി നേ​താ​ക്ക​ളോ​ടോ മ​റ്റു സം​ഘ​ട​ന​ക​ളോ​ടോ ആ​ലോ​ചി​ക്കാ​തെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ന്‍ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

അതേസമയം, സംസ്ഥാനത്ത് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നയതീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കണം. ഒരുപരിധിവരെ ഇതിനായി പൊലീസിന്റെ ഇടപെടല്‍ വേണ്ടിവരുമെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു.

സംസ്ഥാനത്തെ വസ്ത്രവ്യാപാര ശാലകളും ജുവലറികളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്‌ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍. രവി ഇക്കാര്യം പറഞ്ഞത്. എല്ലാ ദിവസവും കടകള്‍ തുറക്കാനാണ് ഐ.എം.എയുടെ ശുപാര്‍ശയെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദുരന്ത നിവാരണ അതോറിട്ടിയടക്കമുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി 22 ലേക്ക് മാറ്റി.