സംസ്ഥാനത്ത് ഇന്നും മഴ(rain) തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്(IMD) അറിയിച്ചിരിക്കുന്നത്.  
എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യത. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും  ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുള്ള നിര്‍ദേശം

കേരള തീരത്തും  തമിഴ്‌നാട് തീരത്തും 14-06-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 

ഇന്ന് മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട്  ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്ര പ്രദേശ് തീരം, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

അടുത്ത രണ്ട് ദിവസത്തേക്കും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ജൂൺ 14നും ജൂൺ 15നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചത്.