കല്‍പറ്റ : സംസ്ഥാനത്ത് അതിതീവ്ര മഴ , വന്‍ ദുരന്തങ്ങള്‍ക്കും ഉരുള്‍ പൊട്ടലിനും സാധ്യത ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വയനാട്ടിലെ വടക്കു മുതല്‍ പടിഞ്ഞാറ്, തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലമ്ബ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഗങ്ങളും ഒരു അതിതീവ്ര മഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്.

ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളായി മാറിയതായും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയുമായി ചേര്‍ന്നു നടത്തിയ പഠനത്തില്‍ പറയുന്നു. ഓരോ പഞ്ചായത്തിലെയും ദുര്‍ബല പ്രദേശങ്ങളെ പ്രത്യേകം അടയാളപ്പെടുത്തി മാപ്പുകളും തയാറാക്കിയിട്ടുണ്ട്.

ഉരുള്‍പൊട്ടലിനും പ്രളയത്തിനുമുള്ള സാധ്യത പരിഗണിച്ച്‌ തീവ്രസാധ്യതാ പ്രശേങ്ങള്‍, മിതസാധ്യതാ പ്രദേശങ്ങള്‍, ലഘുസാധ്യതാ പ്രദേശങ്ങള്‍ എന്നിങ്ങനെ 3 മേഖലകളാക്കി തിരിച്ചായിരുന്നു പഠനം. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വനനശീകരണവും ഏകവിള തോട്ടങ്ങളും കൂടുതല്‍ ഭൂപ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളാക്കിയെന്നും മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട, തൊണ്ടര്‍നാട്, മാനന്തവാടി, തിരുനെല്ലി, മുട്ടില്‍, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.