കൊച്ചി: ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് കേസില്‍ മുഖ്യ പ്രതി ഒളിവിലെന്ന് പോലീസ്. മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷരീഫ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. പരസ്യം നല്‍കി പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയിരുന്നത് ഇയാള്‍ ആണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച് കേസില്‍ പോലീസ് പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ മുഖ്യപ്രതിയായ റഫീഖ് ഉള്‍പ്പെടെയുള്ളവരെ ജില്ല കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒരു പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനത്തിനും പരാതി നല്‍കിയിരുന്നു.
അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങിയിരുന്നു. വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. ദുബൈയില്‍ ഉള്ള വരന്‍ അന്‍വറിന്റെ അച്ഛനെന്ന വ്യാജേന നടിയുടെ വീട്ടിലെത്തിയത് അബൂബക്കര്‍ ആയിരുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിന്റെ ബന്ധുവാണ് അബൂബക്കര്‍. തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ സലാമിനെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
കേസില്‍ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്.