തിരുവനന്തപുരം: വ്യാജമദ്യം കഴിച്ചയാളെ അബ്‌കാരിക്കേസില്‍ പ്രതിയാക്കാതിരിക്കാന്‍ രണ്ടു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വലിയമല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി. അജയകുമാറിനെ തിരുവനന്തപുരം ഐ.ജി: ഹര്‍ഷിത അട്ടല്ലൂരി സസ്‌പെന്‍ഡ്‌ ചെയ്‌തു. വ്യാജമദ്യം കൈവശംവച്ച കുറ്റത്തിനു ഹരികുമാര്‍, ജയന്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും ഐ.ജി. നിര്‍ദ്ദേശം നല്‍കി.സ്‌പെഷല്‍ ബ്രാഞ്ച്‌ അനേ്വഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

അരുവിക്കര സ്‌റ്റേഷന്‍ പരിധിയില്‍ വ്യാജമദ്യം പരസ്യമായി വില്‍ക്കുകയും കഴിക്കുകയും ചെയ്യുന്നൂവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അരുവിക്കര സി.ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയാണ്‌ ആരോപണത്തില്‍ കലാശിച്ചത്‌. തിരുവനന്തപുരം നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കും. തിരുവനന്തപുരം അരുവിക്കര പോലീസ്‌ സ്‌റ്റേഷനിലെ സി.ഐ. ഷിബുവിന്റെ പേരില്‍ അയല്‍ സ്‌റ്റേഷനിലെ സി.ഐ. കൈക്കൂലി വാങ്ങിയെന്ന ആരോപണം വിവാദമുയര്‍ത്തിയിരുന്നു.

പ്രതികളെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച അരുവിക്കര സി.ഐയോടു തന്റെ സുഹൃത്തിനെ പ്രതിയാക്കരുതെന്ന്‌ വലിയമല സി.ഐ. അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന്‌ ഹാജരായ പ്രതിക്കെതിരേ കേസെടുക്കാതെ അരുവിക്കര പോലീസ്‌ വിട്ടയച്ചു. തൊട്ടുപിന്നാലെ ഇയാളെ ശിപാര്‍ശക്കാരനായ സി.ഐ. വിളിച്ചുവരുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്‌തുവെന്നാണ്‌ ആക്ഷേപമുയര്‍ന്നത്‌.