ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. വോട്ടെടുപ്പിനിടെ ബിജെപി-ആംആദ്മി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കും.
തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മുമ്പ് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അവസരം നല്‍കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഎപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ബിജെപി കൗണ്‍സിലര്‍മാരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.
ബിജെപി കോട്ടയായിരുന്ന കോര്പറേഷന് ഭരണം എഎപി പിടിച്ചെടുത്തത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ഇവർ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ആംആദ്മി ആരോപിച്ചു. പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലറായ സത്യശര്‍മ്മയെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നിയമിച്ചതിനെതിരെയും നേരത്തെ എഎപി പ്രതിഷേധിച്ചിരുന്നു.