മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയ കേരളം ഇന്നറിയും. വോട്ടെണ്ണല്‍ എട്ട് മണിക്കാണ് ആരംഭിക്കുക. ത്രിതല പഞ്ചായത്തില്‍ ബ്ലോക്ക് തലത്തിലായിരിക്കും വോട്ടെണ്ണല്‍. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് സജ്ജീകരണം. കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ നടത്തുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഷീല്‍ഡും നിര്‍ബന്ധമാണ്.

അതേസമയം സ്‌പെഷ്യല്‍ തപാല്‍ വോട്ടില്‍ എല്ലാം സുതാര്യമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആശങ്ക ഉയര്‍ന്നതിന്റെ കാരണം അറിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളെ പറ്റി പരാതിയുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

കേരളത്തില്‍ കോര്‍പറേഷനുകള്‍- 6, മുന്‍സിപ്പാലിറ്റി- 86, ജില്ലാ പഞ്ചായത്ത്- 14, ബ്ലോക്ക് പഞ്ചായത്ത്- 152, ഗ്രാമ പഞ്ചായത്ത്- 941 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം. ഇവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.