മട്ടാഞ്ചേരി∙ ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടിയ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് ഹോട്ടൽ പൂട്ടി സീൽ ചെയ്തു. മട്ടാഞ്ചേരി പുതിയ റോഡിൽ പ്രവർത്തിക്കുന്ന ‘ബാലൻ ചേട്ടന്റെ ചായക്കട’ എന്ന് അറിയപ്പെടുന്ന ഹോട്ടൽ സിറ്റി സ്റ്റാർ ആണ് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താതെ വീണ്ടും തുറന്നു പ്രവർത്തിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം കളമശേരി സർക്കിൾ ഓഫിസർ എം.എൻ.ഷംസിയയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ സീൽ ചെയ്തു.

സമൂഹ മാധ്യമങ്ങളിലും യു ട്യൂബ് വ്ലോഗർമാർ വഴിയും വൈറലായ ബാലൻ ചേട്ടന്റെ ചായക്കടയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. പാചകപ്പുര വൃത്തിഹീനമായ നിലയിലും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലും ആയിരുന്നു. 5 ബോക്സ് സിന്തറ്റിക്സ് ഫുഡ് കളർ പാചകപ്പുരയിൽ നിന്ന് ലഭിച്ചു. ഇവ ഉപയോഗിച്ച് പാചകം ചെയ്ത 15 കിലോഗ്രാം പൊരിച്ച കോഴിയും കണ്ടെടുത്തു. വർഷങ്ങളായി ഈ സ്ഥാപനം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി.