അങ്കമാലി: വെര്‍ച്വല്‍ ക്യൂവും ടോക്കണുമില്ലാതെ മദ്യം വിറ്റെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ബാര്‍ അടപ്പിച്ചു. ദേശീയ പാതയില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനു സമീപത്തെ സൂര്യ ഹോട്ടലിലെ ബാറാണ് അടപ്പിച്ചത്.
മദ്യ വില്പന പുനരാരംഭിച്ച വ്യാഴാഴ്ച ബാറില്‍നിന്നും അനധികൃതമായി മദ്യം വിറ്റതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. മദ്യ വില്പന ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ലംഘിച്ചതിനാണ് കേസ്. ബാറിനു മുന്പില് വന്‍ ജനക്കൂട്ടം ഒത്തുകൂടിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച പോലീസെത്തി ഇവരെ നീക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ലൈസന്‍സിക്കെതിരേ കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.