അക്ഷരങ്ങളെത്ര വേഗം മിഴികളിൽ മങ്ങുന്നു
പുസ്തകത്തിന്നവസാനതാളുകളിലായ്
നീളുന്നു വായനയെന്നാരോ ഓർമ്മപ്പെടുത്തി
മായുന്നുമനസ്സിലെ മുദ്രണം ചെയ്ത ചിത്രങ്ങൾ.
പഴുത്താൽ കൊഴിഞ്ഞു വീഴുമില
കളെന്നാരോകുറിച്ചിട്ട തത്വങ്ങളും
നിഴലുകളുടെ അഗാധതകളിൽ
മറഞ്ഞിരിക്കും വിജനമാം വീഥികളും.
വെള്ളമേഘപാളിപോലടർന്നു കണ്ണിൽ
നിറയും മങ്ങിയ പ്രകാശരശ്മികളിൽ
കറുപ്പിന്നാവരണം മുഖപടമിട്ടൊതുങ്ങും
തോൽവി തൊട്ടെഴുതുമുൾക്കടവിഷാദങ്ങളിൽ
ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ മനമുഴറാതെ
നേരിന്റെ കണ്ണട ദീപപ്രകാശം ചൊരിയു
മാകാശച്ചെരിവുകളിൽ നാളെയുടെ
സൂര്യനെത്തേടിയിനിയും യാത്ര തുടരാം.