മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ ദൗര്‍ലഭ്യമെന്ന് റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചയച്ച കൊറോണ രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. 78 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് പാത്തുമ്മയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 5.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് പാത്തുമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പാത്തുമ്മയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍, രോഗിയെ തിരിച്ചയച്ചെന്ന ആരോപണം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.