മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് തിരിച്ചയച്ച കോവിഡ് പോസിറ്റീവായ വയോധിക മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാല്‍, ഡോ. ഇ.അഫ്സല്‍ എന്നിവര്‍ക്ക് ആണ് അന്വേഷണച്ചുമതലയെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാര്‍ പറഞ്ഞു.
സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. രോഗി അത്യാഹിത വിഭാഗത്തില്‍ വന്നിരുന്നോ, വെന്റിലേറ്റര്‍ ഇല്ലെന്ന വിവരം രോഗിയുടെ ബന്ധുക്കള്‍ക്ക് ആരാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തില്‍ വരും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു തിരിച്ചയച്ച മാറാക്കര പിലാത്തറയില്‍ പാത്തുമ്മ(78) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടി എത്തിയതെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായും പാത്തുമ്മയുടെ കൊച്ചുമകന്‍ എം.കെ.നിഷാദ് കുറ്റപ്പെടുത്തിയിരുന്നു.