വീട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സ് തീം നിറച്ച് ടീം നായകൻ എംഎസ് ധോണിയുടെ ആരാധകൻ. വീട്ടിൽ മഞ്ഞച്ചായമടിച്ച് ചുവരിൽ ധോണിയുടെ ചിത്രങ്ങൾ വെച്ചാണ് തമിഴ്നാട്ടിലെ അരംഗൂരിൽ താമസിക്കുന്ന ഗോപി കൃഷ്ണൻ ക്ലബിനോടും ധോണിയോടുമുള്ള തൻ്റെ ആരാധന അറിയിച്ചത്. വീടിൻ്റെ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. ‘ഹോം ഓഫ് ധോണി ഫാൻ’ എന്നാണ് വീടിൻ്റെ പേര്.
അതേ സമയം, ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിജയിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് സാധ്യതയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.