കാതോലിക്കാബാവയ്ക്ക് വിശ്വാസ സമൂഹം വിടചൊല്ലി. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവയുടെ കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കബറടക്കം കോട്ടയം ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലിലായിരുന്നു. സംസ്കാരം ചാപ്പലിനോടു ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കബറിലായിരുന്നു.
കാതോലിക്കാ ബാവയുടെ അന്ത്യ കല്പന കബറടക്ക ശുശ്രൂഷയ്ക്കിടെ കൂര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത വായിച്ചു. ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്കി. അനുശോചന സന്ദേശം മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നല്കി. തിങ്കളാഴ്ച പുലര്‍ച്ചെ 2.35നായിരുന്നു ബാവായുടെ അന്ത്യം. കാന്‍സര്‍ ബാധിതനായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരുമലയില്‍ ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ദേവലോകം അരമനയില്‍ അതിന് ശേഷം രാത്രി 11നു എത്തിച്ചു.



