വാളയാര്‍ ചെല്ലങ്കാവ് വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലെ കമ്പനികളില്‍ പൊലീസ് പരിശോധന. വ്യാവസായിക അടിസ്ഥാനത്തില്‍ സ്പിരിറ്റ് ഉപയോഗിക്കുന്ന കമ്പനികളില്‍ ആണ് ഇന്നും ഇന്നലെയുമായി പരിശോധന നടന്നത്.
ചെല്ലങ്കാവില്‍ ആദിവാസികള്‍ കഴിച്ചത് വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കന്നാസില്‍ സൂക്ഷിച്ച നിലയില്‍ ചെല്ലങ്കാവില്‍ നിന്ന് കണ്ടെടുത്ത ദ്രാവകം വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് കഞ്ചിക്കോട്ടെ വിവിധ കമ്പനികളില്‍ പരിശോധന തുടരുന്നത്. മരിച്ച ശിവന്റെ വീടിന്റെ 250 മീറ്റര്‍ ദൂരത്ത് നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കഴിഞ്ഞ ദിവസം വിഷമദ്യം കണ്ടെടുത്തത്. വിവിധ വ്യവസായ ശാലകളില്‍ നിന്ന് പൊലീസ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഈ ദ്രാവകം എങ്ങിനെ ആദിവാസികളുടെ കൈയിലെത്തി എന്നതും ദുരൂഹമാണ്. ഡിവൈഎസ്പി പി. ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.