കായംകുളം : യുവതികളെ പറഞ്ഞ് വിശ്വസിപ്പിച്ച്‌ ചതിയില്‍പ്പെടുത്തി വിവാഹം ഹോബിയാക്കിയ അന്‍പതുകാരന്‍ പിടിയില്‍ .പിടിയിലായത് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ.
നാലാം ഭാര്യയുടെ പരാതിയിലാണ് അന്‍പതുകാരന്‍ പിടിയിലായത്. കൊല്ലം ഉമയനല്ലൂര്‍ കിളിത്തട്ടില്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (50) ആണു പിടിയിലായത്. അഞ്ചാമത്തെ വിവാഹത്തിനായി ചിങ്ങോലിയിലെ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണു കരീലക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷീദിന്റെ നാലാമത്തെ ഭാര്യയായ തൃശൂര്‍ ചാവക്കാട് വടക്കേക്കാട് സ്വാദേശിയായ യുവതിയാണു പരാതി നല്‍കിയത്.

ഒന്നര വര്‍ഷം മുമ്ബ് ഇവരെ വിവാഹം ചെയ്ത റഷീദ് എട്ടു പവന്‍ ആഭരണങ്ങളും 70,000 രൂപയുമായി മുങ്ങിയിരുന്നു. ഇതു സംബന്ധിച്ചു വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിലാണ് അറസ്റ്റ്. ഇയാളുടെ നീക്കങ്ങള്‍ അറിഞ്ഞ യുവതി ചിങ്ങോലിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നു കരീലക്കുളങ്ങര സ്റ്റേഷനില്‍ എത്തി നേരിട്ടു പരാതി നല്‍കി. കൊട്ടിയം സ്വദേശിയെ ആദ്യം വിവാഹം ചെയ്ത ഇയാള്‍ പെരിന്തല്‍മണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവടങ്ങളില്‍ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വിവാഹ സൈറ്റുകളിലും മറ്റും പരതിയാണ് ഇയാള്‍ നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെ തട്ടിപ്പില്‍പ്പെടുത്തിയിരുന്നത്. പണം തട്ടിയ ശേഷം നിസാര വഴക്കുകള്‍ ഉണ്ടാക്കി പോവുകയാണ് ഇയാളുടെ പതിവെന്നു പൊലീസ് പറഞ്ഞു. വസ്തു കച്ചവടക്കാരന്‍, തുണി ബിസിനസ്, ലോറി ഉടമ, ഡ്രൈവര്‍ തുടങ്ങിയ പല ജോലികള്‍ പറഞ്ഞായിരുന്നു തട്ടിപ്പ്.