തിരുവനന്തപുരം: വിവാദ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ വിടവാങ്ങി. 65 വയസ്സായിരുന്നു. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളില്‍ ഇടംപിടിച്ച മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായരെ ഇന്നലെ രാത്രിയോടെ കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. 2 ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്. രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായിരുന്നു. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ് എന്നിവരാണ്.
കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു വൈദ്യരുടെ മരണം. മരിക്കുമ്ബോള്‍ വീട്ടില്‍ മോഹനന്‍ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. മോഹനന്‍ വൈദ്യര്‍ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളില്‍ ചികിത്സാലയം നടത്തിയിരുന്ന മോഹനന്‍ വൈദ്യര്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തില്‍പ്പെട്ടത്.
കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വരെ ചികിത്സിച്ചിരുന്നു. കോവിഡ് ചികിത്സയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം റിമാന്‍ഡിലായി ജയിലിലും ഇദ്ദേഹം കഴിഞ്ഞിട്ടുണ്ട്. രോഗാണു എന്നൊരു സാധനമില്ലെന്നും വാക്സിന്‍ ആവശ്യമില്ലെന്നും പ്രമേഹം തൊട്ട് കാന്‍സര്‍ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും ഇദ്ദേഹം വിശ്വസിച്ചു; നിപ്പാരോഗ ബാധയുള്ള സമയത്ത് വവ്വാലുകള്‍ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചയ്ക്ക് തിന്നുന്ന വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിരുന്നു.



