പ്രമുഖ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തു വരുമെന്ന് മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ.​ഗോപീകൃഷ്ണന്‍. പെ​ഗാസസ് സ്പൈവേര്‍ വഴി ഫോണ്‍ ചോര്‍ത്തപ്പെട്ട നാല്‍പ്പത് മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ മലയാളിയായ ജെ.​ഗോപീകൃഷ്ണനും ഉണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയ്സണ് സി കൂപ്പറുടെ ഫോണും ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇതോടൊപ്പം മലയാളി മാധ്യമപ്രവര്‍ത്തകരായ സന്ദീപ് ഉണ്ണിത്താന്‍, എംകെ വേണു എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.
‘ആകെ അഞ്ച് ഘട്ടങ്ങളായാണ് പെ​ഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ ഇന്ത്യയിലെ ദ വൈര്‍ അടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മ പുറത്തു വിടുക. ആദ്യഘട്ടത്തിലെ വിവരങ്ങള്‍ മാത്രമാണ് ഇന്ന് പുറത്തു വന്നത്. വരും ദിവസങ്ങളില്‍ ചോര്‍ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും. സുപ്രീംകോടതി ജഡ്ജിമാരും കൂടുതല്‍ കേന്ദ്രമന്ത്രിമാരും ആര്‍എസ്‌എസിലെ പ്രമുഖ നേതാക്കളുമെല്ലാം പെ​ഗാസസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട്’ – ​ഗോപീകൃഷ്ണന്‍ വ്യക്തമാക്കി.
ജെ.​ഗോപീകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ:
എന്നെ സംബന്ധിച്ച്‌ ഇതൊരു പുതിയ കാര്യമല്ല. 2009- മുതല്‍ എന്‍്റെ ഫോണും മെയിലുമെല്ലാം ടാപ്പ് ചെയ്യുന്നതായി എനിക്ക് അറിയാം. ഇപ്പോള്‍ വന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം പട്ടികയാണ്. എന്നാല്‍ ഇനിയുള്ള നാല് ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ കൂടുതല്‍ വരാനുണ്ട്. അതില്‍ നാലോ അഞ്ചോ കേന്ദ്രമന്ത്രിമാരും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉന്നത ഉദ്യോ​ഗസ്ഥരും ഭരണഘടനാ പദവിയിലുള്ളവരും സിബിഐ, ഇന്‍കംടാക്സ് അടക്കമുള്ള വകുപ്പിലെ ഉന്നതര്‍ ഇവരുടെയെല്ലാം ഫോണുകള്‍ ടാപ്പ് ചെയ്തുവെന്നാണ് കരുതുന്നത്.
പെ​ഗാസസ് സ്പൈവേര്‍ വികസിപ്പിച്ച എന്‍എസ്‌ഒ ടെക്നോളജീസ് എന്ന കമ്ബനി 2017-ലെ ടാപ്പിം​ഗുമായി ബന്ധപ്പെട്ട് യുഎസ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. രാഷ്ട്രസുരക്ഷ, തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കുറ്റവാളികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് പെ​ഗാസസ് സേവനം ലഭ്യമാക്കിയിട്ടുള്ളതെന്ന് എന്നാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃത ടാപ്പിം​ഗിന് ഒരിക്കലും തെളിവുണ്ടാക്കില്ല.
അടുത്ത രണ്ടോ മൂന്നോ ദിവസത്തില്‍ ആരെങ്കിലും സുപ്രീംകോടതിയില്‍ പോയി ഇതേക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതു സര്‍ക്കരിനെ പ്രതിരോധത്തിലാക്കും. പ്രത്യേകിച്ച്‌ പാര്‍ലമെന്‍്റ അന്വേഷണം നടക്കുന്ന ഈ സമയത്ത്. പാര്‍ലമെന്‍്റില്‍ ഈ വിവാദത്തെക്കുറിച്ച്‌ സംസാരിക്കേണ്ടത് ആഭ്യന്തരമന്ത്രിയാണ്. സാധാരണ നിലയില്‍ ഒരു മന്ത്രിയും ഫോണ്‍ ടാപ്പിം​ഗ് നടത്തുന്നതായി സമ്മതിക്കില്ല. ഐടി ചട്ടം അനുസരിച്ച്‌ അഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഫോണ്‍ ടാപ്പ് ചെയ്യാം എന്നാണ്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും എല്ലാം ആരുടേയും അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. എന്നാല്‍ അതിലേറെ ​ഗുരുതരമാണ് ഈ വിഷയം. ഇവിടെ സുപ്രീംകോടതി ജഡ്ജിമാരുടേയും ആര്‍എസ്‌എസ് നേതാക്കളുടേയെല്ലാം ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്നു പറയുമ്ബോള്‍ അതിന്‍്റെ വ്യാപ്തി വളരെ വലുതാണ്.