ഇക്കൊല്ലത്തെ വിമൻസ് ടി-20 ചലഞ്ച് വരുന്ന നവംബർ മാസത്തിൽ നടക്കും. നവംബർ 4 മുതൽ 9 വരെ ഷാർജ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കൊല്ലം ടീമുകൾ അധികരിപ്പിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു എങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് ടീമുകളായി തുടരാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം കളിച്ച അതേ ടീമുകളാണ് ഇക്കൊല്ലവും കളിക്കുക. ട്രെയിൽബ്ലേസേഴ്സ്, സൂപ്പർ നോവാസ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, മിതാലി രാജ് എന്നിവർ നയിക്കും. ഇംഗ്ലീഷ് താരങ്ങളായ സോഫി എക്സ്ലസ്റ്റൺ, ഡാനി വ്യാട്ട്, വിൻഡീസ് ഓൾറൗണ്ടർ ദീന്ദ്ര ഡോട്ടിൻ, ശ്രീലങ്കൻ താരം ചമരി അട്ടപ്പട്ടു എന്നിവരൊക്കെ ടൂർണമെൻ്റിൽ കളിക്കും. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ തായ്ലൻഡ് ടീമിൽ നിന്നും ഒരു താരം കളിക്കും. 24കാരിയായ നടക്കൻ ചാൻ്റം ആണ് ടി-20 ചലഞ്ചിൽ പങ്കെടുക്കുന്ന ആദ്യ തായ്ലൻഡ് താരം ആവുക.
ടൂർണമെൻ്റിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളെയെല്ലാം ഒരു ഹോട്ടലിൽ താമസിപ്പിക്കും. ബയോ ബബിൾ സുരക്ഷാ സംവിധാനമാണ് ബിസിസിഐ സ്വീകരിക്കുക. ഇന്ത്യൻ താരങ്ങൾ ഒക്ടോബർ 13ന് മുംബൈയിലെത്തി 9 ദിവസം ക്വാറൻ്റീനിൽ കഴിയും. ഇതിനു ശേഷമാവും ഇവർ യുഎഇയിലേക്ക് തിരിക്കുക. യുഎഇയിൽ 6 ദിവസത്തെ ക്വാറൻ്റീനും ഉണ്ടാവും.