വാഷിങ്ടൻ ഡിസി ∙ യുഎസ് ട്രാവൽ ആൻഡ് ടൂറിസം അഡ്‍വൈസറി ബോർഡ് അംഗമായി ഇന്ത്യൻ അമേരിക്കൻ വിനയ് പട്ടേലിനെ നിയമിച്ചു. ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വൈസ് ചെയർമാൻ കൂടിയായ വിനയ് പട്ടേലിന് രണ്ടു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്.

കോമേഴ്സ് സെക്രട്ടറി വിൽബർ റോസ്സാണ് ഇതു സംബന്ധിച്ചു നിയമനോത്തരവ് നൽകിയിരിക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം ഇൻഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു കോമേഴ്സ് സെക്രട്ടറിക്കു ഉപദേശം നൽകുക എന്നതാണ് ബോർഡിന്റെ ഉത്തരവാദിത്വം.

കോവിഡ് മഹാമാരിക്കുശേഷം അമേരിക്കൻ സാമ്പത്തിക സ്ഥിതി പുനരുദ്ധരിക്കുന്നതിൽ ട്രാവൽ ആൻഡ് ടൂറിസം വകുപ്പിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വിനയ് പട്ടേൽ പറഞ്ഞു.

ട്രാവൽ ഇൻഡസ്ട്രിയിൽ പൊതുജന വിശ്വാസം ആർജിക്കുന്നതിനുള്ള വിവിധ വംശങ്ങളെക്കുറിച്ചു അഡ്‍വൈസറി ബോർഡ് പല നിർദേശങ്ങളും സമർപ്പിച്ചിരുന്നു.

20,000 ത്തോളം അംഗങ്ങളുള്ള ഏഷ്യൻ അമേരിക്കൻ ഹോട്ടൽ അസോസിയേഷൻ വിനയ് പട്ടേലിന്റെ നിയമനത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.