ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റിയാല്‍ രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസില്‍ ഇന്ത്യ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ വിദേശികള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മേയ് 25ന് ഇന്ത്യ ആഭ്യന്തര വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയിരുന്നു. മിക്ക രാജ്യങ്ങളിലും പത്തു ശതമാനത്തോളം രാജ്യാന്തര വിമാന സര്‍വീസുകളാണ് നടക്കുന്നത്. സ്വദേശത്തേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണിത്. വിദേശികള്‍ക്ക് എല്ലാവരും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് എയര്‍ ഇന്ത്യയും മറ്റു വിമാനക്കമ്ബനികളും നടത്തുന്ന പ്രത്യേക സര്‍വീസുകള്‍ തുടരും.
മെട്രോകളിലടക്കം നിലനില്‍ക്കുന്ന ലോക്ഡൗണും വിദേശികള്‍ക്കു വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും മാറ്റിയാലേ രാജ്യാന്തര സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന് പുരി മുന്‍പും പറഞ്ഞിരുന്നു. ബംഗാള്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രിത എണ്ണത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് അനുവദിച്ചിട്ടുണ്ട്.