തിരുവനന്തപുരം ∙ വിദേശത്തു നിന്നു മലയാളികളെ വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം ഇതുവരെ കേന്ദ്രത്തോടു പറ്റില്ല പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ പരിമിതപ്പെടുത്തണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടുവെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മേയ് 7 മുതലാണു കേന്ദ്രത്തിന്റെ ‘വന്ദേഭാരത്’ പരിപാടി പ്രകാരം വിമാനങ്ങള്‍ എത്തിത്തുടങ്ങിയത്. ജൂണ്‍ 2 വരെ 140 വിമാനങ്ങള്‍ വന്നു. 3 കപ്പലുകളും എത്തി. ഇവയിലൂടെ 25,821 പേരാണ് എത്തിയത്. വന്ദേഭാരതിന്റെ ഭാഗമായുള്ള വിമാന സര്‍വീസിനു കേരളം ഒരു നിബന്ധനയും വച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ഈ മാസം ഒരു ദിവസം 12 വിമാനം വീതം ഉണ്ടാകുമെന്നു കേന്ദ്രം അറിയിച്ചിരുന്നു. ഇതനുസരിച്ച് ജൂണില്‍ 360 വിമാനങ്ങളാണു വരേണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ 10 വരെ 36 വിമാനങ്ങളേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നാണു മനസ്സിലാക്കുന്നത്. അതില്‍ കുറ്റപ്പെടുത്താനാവില്ല. രാജ്യമാകെ ബാധകമായ ദൗത്യമായതുകൊണ്ട് ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.