ഷാര്‍ജ: ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ഇത്തവണ ഷാര്‍ജ രാജസ്ഥാനെ തുണച്ചില്ല. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് ഒരു ഘട്ടത്തില്‍പ്പോലും ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 19.4 ഓവറില്‍ 138 റണ്‍സ് നേടിയപ്പോഴേക്കും രാജസ്ഥാൻ ഓൾ ഔട്ട് ആയി. ഇതോടെ തുടർച്ചയായ നാലാം മത്സരത്തിലാണ് രാജസ്ഥാൻ തോൽവി വഴങ്ങുന്നത്.
യുവതാരം യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് രാജസ്ഥാന്റെ മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും പിടിച്ചുനിന്ന യശസ്വി 36 പന്തില്‍ 34 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍(13), സ്റ്റീവ് സ്മിത്ത്(24) എന്നിവര്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. സഞ്ജു സാംസണ്‍(5) വീണ്ടും നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ രാഹുല്‍ തെവാതിയ(38) നടത്തിയ രക്ഷാപ്രവര്‍ത്തനവും ഫലം കണ്ടില്ല. തെവാതിയയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാഡ 3.4 ഓവറിൽ 35 റണ്ർസ് വഴങ്ങി 3 വിക്കറ്റെടുത്തു. രവിചന്ദ്രന്‍ അശ്വിനും മാര്‍ക്കസ് സ്‌റ്റോയിനിസും 2 വിക്കറ്റ് വീതം വീഴ്ത്തി. ആന്റിച്ച് നോര്‍ച്ചെ, ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.