ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് പദ്ധതിക്കായി 186 കോടി രൂപയുടെ (രണ്ട രക്കോടി ഡോളര്‍) സഹായം പ്രഖ്യാപിച്ച് അമേരിക്ക. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിക്ക് അന്ത്യം കാണാന്‍ ഇന്ത്യയും അമേരിക്കയും വാക്സിനില്‍ അടക്കം സഹകരണം മെച്ചപ്പെടുത്തും. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ലോകത്തിനാകെ നായകരാകുമെന്നും ആദ്യമായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മഹാമാരിയുടെ തുടക്കത്തില്‍ ഇന്ത്യ നല്കിയ സഹായത്തിനു നന്ദിയുണ്ട്. തിരികെ ഇന്ത്യയെ സഹായിക്കാനായതില്‍ അഭിമാനവുമുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ആഗോളതലത്തില്‍ ആളുകള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വാക്സിന് ലഭ്യമാക്കാനാണു ശ്രമമെന്നു മന്ത്രി ജയശങ്കറും കൂട്ടിച്ചേര്‍ത്തു.