മലമ്പുഴ നിയോജക മണ്ഡലത്തിലെ വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന് എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് കത്ത് നല്കി. വ്യാജമദ്യ ഉല്പാദനവും വിതരണവും നിര്‍മാര്‍ജനം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് വാളയാറില്‍ അഞ്ചുപേര്‍ ദ്രാവകം കഴിച്ച് മരിച്ചതില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവന് വിതരണം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാല്‍ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന് മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. സമീപ പ്രദേശത്തെ തൊഴിലാളികളോട് വാറ്റുചാരായമാണെന്ന് പറഞ്ഞാണ് നല്‍കിയത്. ചിത്രങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറി.