പി പി ചെറിയാൻ
ഡാളസ് ∙ ഡാലസിലെ പൗരന്മാർ കോവിഡ് വാക്സീൻ സ്വീകരിക്കാൻ എത്രയും വേഗം തയാറാകണമെന്ന് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ. ഡാലസിലെ നേതാക്കൻമാരുടെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവരെ വാക്സീനെടുക്കുന്നതിന് പ്രേരിപ്പിക്കുക എന്നതെന്നും ജിൽ ബൈഡൻ പറഞ്ഞു.
ഡാലസിലെ വാക്സീൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ മുൻ ഡാലസ് കൗബോയ് എമിറ്റ് സ്മിത്തുമായി എത്തിയതായിരുന്നു ജിൽ ബൈഡൻ.എമിറ്റ് ജെ. കോൺറാസ് ഹൈസ്കൂളിലെ വാക്സീൻ കേന്ദ്രത്തിൽ എത്തിയ ജിൽ ബൈഡൻ അവിടെയുള്ള ആരോഗ്യ പ്രവർത്തകരുമായും വാക്സീൻ സ്വീകരിക്കുവാനെത്തിയവരുമായും സംസാരിച്ചു.
സുരക്ഷിതത്വത്തിനായി വാക്സീനെടുക്കുക, ഇതു തികച്ചും സൗജന്യമാണ്. ജൂലൈ നാല് നാം ആഘോഷിക്കുന്നത് കുടുംബത്തിലെ എല്ലാവരും വാക്സീൻ സ്വീകരിച്ചതിനു ശേഷമായിരിക്കണമെന്നും ജിൽ പറഞ്ഞു. വാക്സിനേഷൻ സെന്ററുകളിലേക്ക് ലിഫ്റ്റ്, യൂബർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.



