തിരുവനന്തപുരം: വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സിപിഎം മുദ്രകുത്തിയ പാര്‍ട്ടിയുമായി ചേര്‍ന്നാണ്. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ് വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് സിപിഎം ഭരിക്കുന്നത്. ഇതേ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറുണ്ടോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഡിപി നേതാവുമായും ജനപക്ഷം നേതാവ് രാമന്‍പിള്ളയുമായും സിപിഎം നേതാക്കള്‍ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഖ്യകാരണം ഈ കൂട്ടുകെട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് സിപിഎം മറന്നു. ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.
സമുദായ പാര്‍ട്ടിയെന്ന് ഇടതു നേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ച ഐഎന്‍എല്‍ ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഘടകക്ഷിയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ തരാതരം പോലെ സമുദായ കക്ഷിയെന്ന് സിപിഎം ചാപ്പകുത്തിയിട്ടുണ്ട്. സിപിഎമ്മിന് വഴങ്ങാത്തവരെ വര്‍ഗീയവാദികളാക്കുകയും സിപിഎമ്മിനോട് ചേര്‍ന്നാല്‍ അവര്‍ മതേതരവാദികളുമാകുന്ന അത്ഭുത സിദ്ധി സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
നാഴികക്ക് നാല്‍പത് വട്ടം ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കുന്നുവെന്ന് പ്രസംഗിക്കുന്ന സിപിഎമ്മിന്റെ ബിജെപി വിരോധം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണ്. സിപിഎമ്മും ആര്‍എസ്‌എസുമായുള്ള ബന്ധം 1977 മുതല്‍ തുടങ്ങിയതാണ്. 77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവായിരുന്ന കെ ജി മാരാര്‍ ഉദുമയില്‍ നിന്നും മത്സരിച്ചത് ഇടതുപക്ഷ സഹായത്തോടെയാണ്. അന്ന് സിപിഎമ്മിന്റെ യുവജന നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി കൂത്തുപറമ്ബില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ആര്‍എസ്‌എസുകാര്‍ കഠിനമായി പ്രവര്‍ത്തിച്ചത് ആരും മറന്നിട്ടില്ല. അത് ചരിത്രത്തിന്റെ ഭാഗമാണ്. രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും സംഘപരിവാരങ്ങളുമായി കൈകോര്‍ത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമായ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്ന സാഫല്യത്തിനായി സിപിഎം രാപ്പകലില്ലാതെ പണിയെടുത്താലും അത് സാധ്യമല്ല. മതേതര ജനാധിപത്യ കൊടിക്കൂറ എന്നും ഉയര്‍പ്പിടിച്ചിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.