വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുന്റെ നുണ പരിശോധന കൊച്ചി സിബിഐ ഓഫീസിലാണ് നടക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്നാണ് അർജുന്റെ മൊഴി. എന്നാൽ, ബാലഭാസ്കറിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുക.
ബാലഭാസ്കറിന്റെ മാനേജർ ആയിരുന്ന പ്രകാശൻ തമ്പിയുടെ നുണപരിശോധനയും ഇന്ന് നടക്കും. ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിന്റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ചെന്നൈയിലെയും ഡൽഹിയിലേയും ഫൊറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിൽ ആണ് നുണ പരിശോധന നടക്കുന്നത്.