തിരുവനന്തപുരം: ക്വാറന്റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇവരോടൊപ്പം എത്തുന്ന അഞ്ചുപേര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമല്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവര്‍ക്ക് തങ്ങാന്‍ കഴിയും. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം.
പുതിയ ഇളവുകള്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള ഇളവുകള്‍ക്കൊപ്പമാണ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ പരീക്ഷകള്‍ക്കോ ആയി എത്തുന്നവര്‍ക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്ബ് സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. ബിസിനസ് ആവശ്യങ്ങള്‍ക്കും ചികിത്സക്കും പരീക്ഷകള്‍ക്കും വരുന്നവര്‍ക്കാണ് നേരത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.
സംസ്ഥാനത്ത് എത്തുന്നതിന് മുമ്ബ് കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ഇവര്‍ പ്രവേശന പാസിന് അപേക്ഷിക്കണം. പരമാവധി ഏഴ് ദിവസം വരെ ഇവര്‍ക്ക് കേരളത്തില്‍ തങ്ങാം. സംസ്ഥാനത്ത് എത്തുന്നവര്‍ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധവിമാരും ഉറപ്പ് വരുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.