ലോക ആരോഗ്യ അസംബ്ലി ആരംഭിച്ചു. ആദ്യ ദിനത്തില്‍ കൊറോണ വ്യാപനമോ , പ്രതിരോധ പ്രവര്‍ത്തനങ്ങളോ ചര്‍ച്ചയായില്ല. ജൂണ്‍ 1 വരെ നീണ്ടു നില്‍ക്കുന്ന വെര്‍ച്വല്‍ സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരമുണ്ട്.
ഓസ്‌ട്രേലിയ , കാനഡ എന്നിവര്‍ മുന്‍കൈ എടുത്ത് തയ്യാറാക്കിയ പ്രമേയമാണ് ആദ്യദിനം ചര്‍ച്ചയായത്. കൊറോണ പോലുള്ള മഹാമാരിയുടെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഏതുതരം അടിയന്തിര പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന വിഷയമാണ് പ്രമേയത്തിലൂടെ ചര്‍ച്ചയാക്കിയത്.
ഇന്നലെ 27 രാജ്യങ്ങള്‍ പ്രമേയത്തെ അധികരിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുത്തു. എല്ലാവരും ലോകാരോഗ്യസംഘടന ശക്തിപ്പെടണമെന്നും ഏതുസാഹചരവും നേരിടാന്‍ പാകത്തിന് സജ്ജമാകണമെന്നും പറഞ്ഞു. അതേസമയം ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെന്നകാര്യത്തില്‍ ഇനിയും സംശയം ബാക്കി നില്‍ക്കുന്ന കാര്യമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രതീക്ഷിച്ചത്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ലോകാരോഗ്യസംഘടനയുടെ നിലവിലെ മേധാവി ടെഡ്രോസ് ഗബ്രിയേസൂസിന്റെ പിന്‍ഗാമിയെ തെരഞ്ഞടുക്കാനായുള്ള നാമനിര്‍ദ്ദേശപത്രിക സെപ്തംബര്‍ 2021 ഓടെ പൂരിപ്പിച്ച്‌ നല്‍കണമെന്നും സമ്മേളനത്തില്‍ തീരുമാനിച്ചു. ലോക ആരോഗ്യ അസംബ്ലി മെയ് 2022ന് അടുത്ത സമ്മേളനം കൂടി ലോകാരോഗ്യസംഘടനാ മേധാവിയെ പ്രഖ്യാപിക്കുമെന്നും സമ്മേളനം അറിയിച്ചു.