തിരുവനന്തപുരം> ലോക്ഡൌണ് മൂലം മാറ്റിവെയ്ക്കപ്പെട്ട എസ്.എസ്.എല്.സി, ഹയര് സെക്കന്ററി, വൊക്കേഷണല് ഹയര് സെക്കന്ററി പരീക്ഷകള് ഇന്ന് പൂര്ത്തിയായി. പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും കാര്യമായ പരാതികള്ക്കിട നല്കാതെ പരീക്ഷകള് വിജയകരമായി പൂര്ത്തീകരിക്കാന് കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
അടുത്ത അദ്ധ്യയന വര്ഷം അനിശ്ചിതമായി നീണ്ടുപോകാതിരിക്കാനും മഴക്കാല കെടുതികള് മുന്കൂട്ടിക്കണ്ടും പരീക്ഷാര്ത്ഥികളുടെ മാനസിക സംഘര്ഷം ഒഴിവാക്കാനുമാണ് പരീക്ഷകള് മേയ് 26 മുതല് 30 വരെ നടത്തുവാന് സര്ക്കാര് തീരുമാനിച്ചത്. വിദ്യാര്ത്ഥികളും രക്ഷിതാക്കളും പരീക്ഷാ നടത്തിപ്പിനെ പൊതുവേ അനുകൂലിക്കുകയാണ് ചെയ്തത്. നിസ്സീമമായ അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാര്ത്ഥമായ പിന്തുണ ഇല്ലായിരുന്നുവെങ്കില് ഇത്ര സുഗമമായി പരീക്ഷ നടത്തുവാന് കഴിയുമായിരുന്നില്ല. ആരോഗ്യ, ആഭ്യന്തര, തദ്ദേശ സ്വയംഭരണ, ഗതാഗത വകുപ്പുകള്, ആരോഗ്യ പ്രവര്ത്തകര്, പൊലീസ്, അഗ്നിശമന സേന, കെ.എസ്.ആര്.ടി.സി, ജനപ്രതിനിധികള്, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവര്ത്തകര്, പി.ടി.എ അംഗങ്ങള് എല്ലവരും പരീക്ഷ എഴുതുന്ന കുട്ടികള്ക്ക് സഹായവും സംരക്ഷണവുമൊരുക്കാന് നന്നായി പ്രവര്ത്തിച്ചു.
പ്രതിസന്ധിയുടെ കാലഘട്ടത്തില് കരുത്തും ഊര്ജ്ജവുമായി വിദ്യാഭ്യാസ വകുപ്പിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു