കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഇപ്പോള്‍ മൂന്നാംഘട്ട ലോക്ക്ഡൗണിലാണ്. ഇതോടെ രാജ്യത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച്‌ നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

കുടുംബത്തോടൊപ്പം തന്റെ പന്‍വേലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്. സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂലിയെയും ജാക്വിലിനെയും കുടുംബാംഗങ്ങളും വീഡിയോയിലുണ്ട്. അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, മുട്ട എന്നിവയാണ് പാവപ്പെട്ടവര്‍ക്കായി താരം നല്‍കിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

പ്രദേശവാസികള്‍ക്കായി സല്‍മാന്‍ ഖാന്‍ സോപ്പുകളും സാനിറ്റൈസറുകളും ശേഖരിച്ച്‌ വിതരണം ചെയ്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാനാണ് താരം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.