തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്ലതായിരിക്കുമെന്ന നിര്‍ദേശവുമായി സംവിധായകന് നാഗ് അശ്വിന്‍. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയേറ്റര്‍ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശമായാണ് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിനെക്കുറിച്ച് നാഗ് അഭിപ്രായപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയേറ്ററുകളില്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം.
അതേസമയം ഈ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നാഗ് നേരിടുന്നത്. ഇന്ത്യയില്‍ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. കുടുംബപ്രേക്ഷകരെ ഇത് തിയേറ്ററുകളില്‍ നിന്ന് അകറ്റുമെന്നും മറ്റൊരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികള്‍ ആകില്ലെന്ന വാദവുമായി ചിലര്‍ സംവിധായകന് പിന്തുണ നല്‍കിയിട്ടുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാഗ് അശ്വിന്‍. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാഗ് ഇപ്പോള്‍.