ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ബിജെപി വക്താവും ഭുവനേശ്വർ എംപിയുമായ അപരാജിത സാരംഗിയുടെ ജന്മദിനാഘോഷം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും അപരാജിത ജന്മദിനാഘോഷം നടത്തുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി സ്ത്രീകൾ അപരാജിതയോടൊപ്പം നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. നൂറോളം സ്ത്രീകളാണ് വിഡിയോയിൽ ഉള്ളത്. അപരാജിതക്കെതിരെ ഒഡീഷ സർക്കാർ രംഗത്തെത്തി. വിഷയത്തിൽ ഒഡീഷ ആഭ്യന്തര മന്ത്രി കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കത്തയച്ചു. അപരാജിത കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഒഡീഷ ആഭ്യന്തര മന്ത്രി ഡി എസ് മിശ്ര കത്തിൽ ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകൾ അപരാജിത സാരംഗിക്ക് ചുറ്റും നിൽക്കുന്നതായി വീഡിയോയിൽ കാണാമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, അപരാജിത ആരോപണങ്ങൾ തള്ളി. താൻ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് അവരുടെ അവകാശവാദം.
മുൻപും അപരാജിത കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്ന് അപരാജിത പിഴയൊടുക്കുകയും ചെയ്തിരുന്നു. ജൂൺ 9ന് കല്ലിടൽ ചടങ്ങിലും അപരാജിത കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയിരുന്നു.