സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സംവിധാന മികവില്‍ വിരിഞ്ഞ ഇന്ത്യാനാ ജോണ്‍സ് സാഹസിക ചലച്ചിത്ര പരമ്ബരയ്ക്ക് ലോകമെമ്ബാടും ഇന്നും ആരാധകരേറെയാണ്. ഹാരിസണ്‍ ഫോര്‍ഡ് തകര്‍ത്തഭിനയിച്ച് അനശ്വരമാക്കിയ ഇന്ത്യാനാ ജോണ്‍സ് എന്ന മുഖ്യ കഥാപാത്രത്തിന്റെ നടപ്പും , വസ്ത്രധാരണ ശൈലിയും ഇന്നും അനുകരിക്കുന്ന സിനിമാ പ്രേമികള്‍ ചില്ലറയല്ല. ഇതില്‍ ഏറ്റവും പ്രധാനമാണ് ചലച്ചിത്ര പരമ്ബരയില്‍ ഇന്ത്യാനാ ജോണ്‍സ് ധരിച്ചിരുന്ന തൊപ്പി. സിനിമയില്‍ ഹാരിസണ്‍ ധരിച്ചിരുന്ന തൊപ്പിയാണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല, ജോണ്‍സിന്റെ പ്രശസ്തമായ ‘ഫെരോഡ ഹാറ്റ്’ ലോസ് ആഞ്ചലസില്‍ ലേലത്തില്‍ വച്ചു. 1984 ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യാനാ ജോണ്‍സ് ആന്റ് ദി ടെംപിള്‍ ഓഫ് ദി ഡൂം’ എന്ന സിനിമയില്‍ ഫോര്‍ഡ് ധരിച്ചിരുന്ന തൊപ്പിയാണിത്. എന്നാല്‍ തൊപ്പി ലേലത്തിന് പോയ തുക കണ്ട് അധികൃതര്‍ പോലും ഞെട്ടിപ്പോയി. പരമാവധി 150000-250000 ഡോളര്‍ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കിട്ടിയത് മൂന്നു ലക്ഷം ഡോളര്‍. ഹെര്‍ബര്‍ട്ട് ജോണ്‍സണ്‍ എന്ന കമ്ബനിയാണ് സിനിമയ്ക്കായി തൊപ്പി നിര്‍മ്മിച്ചത്. സിനിമയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരുന്ന അന്തോണി പവലും ജോന ജോണ്‍സ്റ്റണും ആദ്യ ചിത്രമായ റൈഡേഴ്സ് ഓഫ് ലോസ്റ്റ് ആര്‍ക്കില്‍ നിന്ന് വ്യത്യസ്തമായി ജോണ്‍സന്റെ തൊപ്പി നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിരുന്നു. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും പ്ലാസ്റ്റിക് പെട്ടിയില്‍ സൂക്ഷിച്ച ഫെരോഡയ്ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ലോകപ്രശസ്തമായ ഇന്ത്യാനാ ജോണ്‍സ് തൊപ്പി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലയ്ക്ക്



