കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. ലോക്ക് ഡൗണ്‍ കാരണം ഇന്ത്യയുടെ സിനിമ വ്യവസായം അടഞ്ഞിരിക്കുകയാണ്.ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യുമായിരുന്നു. ലോകം സുഖം പ്രാപിച്ച ശേഷം ചിത്രം റിലീസ് ചെയ്യുമെന്ന് സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. “നശിച്ച ഈ വൈറസ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നായേനെ നമ്മുടെ ജഗമേ തന്തിരം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. എന്തായാലും നല്ലതിനുവേണ്ടി പ്രതീക്ഷിക്കാം”. എന്ന് അദ്ദേഹം എഴുതി.
ധനുഷ്, സഞ്ചന നടരാജന്‍, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെര്‍മെയ്ന്‍, ജെയിംസ് കോസ്മോ, ജോജു ജോര്‍ജ്, കലയ്യരസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്. .
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്നാണ് പൊതുവെ കാര്‍ത്തിക്കിന് തമിഴ്‌നാട്ടിലെ പേര്. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.