കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്യും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിന് അനുമതി തേടി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷൻ കരാർ വാങ്ങി നൽകാം എന്ന ഉറപ്പിൽ യൂണിടാക് കമ്പനിയിൽ നിന്നും സ്വപ്നയും സംഘവും കോടികളുടെ കമ്മീഷൻ വാങ്ങിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. ഓൺലൈനിലൂടെ 4.25 കോടി സ്വപ്ന കമ്മീഷൻ ആയി കൈപ്പറ്റിയെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്.
ഇത് പരിശോധിക്കാനായി യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകൾ സിബിഐ പരിശോധിച്ചു വരികയാണ്. ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സിബിഐ.