ലൈഫ് മിഷന് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയാണ് ചെയ്തത്. അന്വേഷണത്തില്‍ ഇടക്കാല സ്റ്റേ വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു ഏജന്‍സി പണം സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. സ്ഥലം കൈമാറുക എന്നത് മാത്രമാണ് ലൈഫ് മിഷന് ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.