ലൈംഗികാരോപണത്തിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനു പിന്തുണയേറുന്നു. മുൻ ഭാര്യമാർ അടക്കമുള്ളവരാണ് സംവിധായകനു പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കൽക്കി കൊച്ച്ലിൻ, നടിമാരായ തപ്സി പന്നു, രാധിക ആപ്തെ, സൈയാമി ഖേർ എന്നിവരാണ് ഇതുവരെ അനുരാഗിനു പിന്തുണ അർപ്പിച്ചത്.
ഇത് വെറും ആരോപണമാണെന്നാണ് ആരതി ബജാജ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. സ്ത്രീ സമത്വത്തിനായി വാദിക്കുന്നയാളാണ് താങ്കളെന്നും തങ്ങളുടെ മകളിലൂടെ അത് താൻ ആദ്യമായി കണ്ടെന്നും അവർ കുറിച്ചു. ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ്. ഇങ്ങനെ ഒരവസ്ഥയിലൂടെ താങ്കൾക്ക് കടന്നു പോകേണ്ടി വന്നതിൽ ദുഖമുണ്ട്. ഇനിയും ശബ്ദമുയർത്തണമെന്നും ആരതി ബജാജ് കുറിച്ചു.
വ്യക്തിപരമായ ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടയാളാണ് താങ്കളെന്ന് കൽക്കി പറയുന്നു. ‘നമ്മൾ വിവാഹമോചിതരായതിനു ശേഷവും വിവാഹം കഴിക്കുന്നതിനു മുൻപും എനിക്കു വേണ്ടി നിലകൊണ്ടയാളാണ് താങ്കൾ. താങ്കളുടെ അന്തസ് ഉയർത്തിപ്പിടിച്ച് കരുത്തനായിരിക്കുക.’- കൽക്കി കുറിച്ചു.
തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗെന്ന് തപ്സി കുറിച്ചു.
‘താങ്കൾ എന്നെ എപ്പോഴും തുല്യമായേ കണ്ടിട്ടുള്ളൂ. താങ്കളുടെ സാന്നിധ്യത്തിൽ ഞാൻ സുരക്ഷ അനുഭവിക്കുന്നു.’- രാധിക ആപ്തേ കുറിച്ചു.
ചോക്ക്ഡ് എന്ന സിനിമയെപ്പറ്റി സംസാരിക്കാൻ തന്നെ അനുരാഗ് വീട്ടിലേക്ക് ക്ഷണിച്ചു എന്നും ഉടൻ തന്നെ താൻ മാതാപിതക്കൾക്കൊപ്പമാണ് കഴിയുന്നത്, പേടിക്കേണ്ടെന്ന് പറഞ്ഞു എന്നും സൈയാമി ഖേർ പറയുന്നു. ചോക്ക്ഡ് റിലീസായത് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. ആ സമയത്തിനിടയിൽ താങ്കളെ ഞാൻ നന്നായി അറിഞ്ഞു. സുഹൃത്തും വഴികാട്ടിയുമായി എന്നും സൈയാമി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി പായൽ ഘോഷ് രംഗത്തെത്തിയത്. സംവിധായകൻ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി ആരോപിച്ചിരുന്നു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിത് എന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അനുരാഗ് പ്രതികരിച്ചിരുന്നു.