ന്യൂഡല്‍ഹി: അതിര്‍ത്തിത്തര്‍ക്കം പരിഹാരം കാണാതെ നീളുന്നതിനിടെ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. ലഡാക്കിനെയും അരുണാചല്‍ പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും ഈ പ്രദേശങ്ങള്‍ ഇന്ത്യ നിയമവിരുദ്ധമായി കൈയടക്കിയതാണെന്നുമാണു വാദം. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
അതിര്‍ത്തിയിയിലേക്കുള്ള സേനാനീക്കം സുഗമമാക്കുന്ന 44 പാലങ്ങളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചതാണു ചൈനയെ ചൊടിപ്പിച്ചത്. ഇതു ചൂണ്ടിക്കാട്ടി വിദേശമന്ത്രാലയത്തിലേക്കു ചൈന കത്തയച്ചതായി സൂചനയുണ്ട്. ഒക്‌ടോബര്‍ രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി അടല്‍ തുരങ്കപാത ഉദ്ഘാടനം ചെയ്തതിനു പിന്നാലെയും ചൈന പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. അടല്‍ ടണല്‍ തകര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്നാണ് അന്നു പറഞ്ഞത്. ലഡാക്കിലും ഹിമാചലിലും അതിര്‍ത്തി മേഖലയില്‍ റാേഫല്‍ വിമാനങ്ങളും അപ്പാഷെ ഹെലികോപ്ടറുകളും പറത്തിയാണ് ഇന്ത്യ മറുപടി നല്‍കിയത്.
ഇന്നലത്തെ വിവാദ പരാമര്‍ശത്തിനോടും ഇന്ത്യ ആക്രമണോത്സുകമായാണ് പ്രതികരിച്ചത്. ലഡാക്ക് അതിര്‍ത്തിയില്‍ ദ്വിതല സുരക്ഷ ഒരുക്കാനാണ് സൈന്യത്തിനു പ്രതിരോധ മന്ത്രാലയം നല്‍കിയ നിര്‍ദേശം. ചൈനീസ് ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് ഉത്തരവു നല്‍കി. കരസേനയെ സഹായിക്കാന്‍ ലഡാക്കില്‍ ഭീഷ്മ ടാങ്ക് റെജിമെന്റിനെയും റാഫേല്‍ സ്‌ക്വാഡ്രണെയും നിയോഗിച്ചു. ‘ബി.ആര്‍’ പ്ലാന്‍ എന്ന രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ തന്ത്രം വേണ്ടിവന്നാല്‍ പാകിസ്താന്‍ പ്രകോപനങ്ങള്‍ക്കും മറുപടി നല്‍കാനുതകുമെന്നു കരസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.