കവരത്തി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇടതു എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലെ ജനങ്ങളെ നേരില്‍കണ്ടു പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ എം.പി മാര്‍ നല്‍കിയ രണ്ടാമത്തെ അപേക്ഷയിലാണ് കവരത്തി എ.ഡി.എം കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 1967 ലെ നിയമപ്രകാരം ലക്ഷദ്വീപില്‍ നിന്നുളള സ്‌പോണ്‍സര്‍ വേണമെന്നും നോട്ടറിയോ മജിസ്‌ട്രേറ്റോ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും 50 രൂപ ചലാന്‍ അടച്ച രസീതുമാണ് എം.പി മാരോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്വീപിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് എം.പി മാര്‍ക്ക് നല്‍കിയിരിക്കുന്നത്. എം.പി മാരായ ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എ.എം ആരിഫ് ,എം.വി ശ്രേയംസ് കുമാര്‍, കെ.സോമപ്രസാദ് , ഡോ. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരോടാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 25ന് നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജൂണ്‍ രണ്ടിന് ഇടതു എം.പിമാര്‍ വീണ്ടും കവരത്തി എ.ഡി.എം വഴി അപേക്ഷ നല്‍കിയിരുന്നു. ഇടതു എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹരജികള്‍, യു.ഡി.എഫ് എം.പി മാര്‍ നല്‍കിയ ഹരജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
അനുമതി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.പി മാര്‍ കേന്ദ്ര അഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി. ദുരൂഹ സാഹചര്യത്തില്‍ അന്വേഷണം നേരിടുന്ന വിദേശ പൗരനെ ദ്വീപില്‍ താമസിപ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍, എം.പിമാരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എ.എം ആരിഫ് എം.പി പറഞ്ഞു. യു.ഡി.എഫ് എം.പിമാരുടെ സന്ദര്‍ശനം ദ്വീപിന്റെ ക്രമസമാധാനം തകര്‍ക്കുമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ദ്വീപ് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി അനുമതി വീണ്ടും നിഷേധിച്ചിരുന്നു.



