ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.
കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് ലക്ഷദ്വീപ് ഭരണകൂടം മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.അതേസമയം, കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെയുള്ള ഹർജിയിലെ മറ്റാവശ്യങ്ങൾ കോടതി തള്ളി.
അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ലക്ഷദ്വീപ് ഭരണകൂടം നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ദ്വീപ് ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ ആവിഷ്കരിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം