കുന്നത്തൂര്‍ : റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം കെ.എസ്.ആര്‍.ടി.സി ബസ് ഒരു വശത്തേക്ക് ഭാഗികമായി മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ കാരാളിമുക്ക് പൊട്ടക്കണ്ണന്‍ മുക്കിന് വടക്കു വശത്തായിരുന്നു അപകടം. ഭരണിക്കാവില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ വശത്തേക്ക് മറിയുകയായിരുന്നു. റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസമാണ് അപകടത്തിനിടയാക്കിയത്.

കഴിഞ്ഞ ദിവസം  ആറ് മാസം പ്രായമായ കുഞ്ഞിനും ഇത്തരത്തിലുള്ള അപകടത്തില്‍ പരിക്കേറ്റിരുന്നു.ലോക്ക് ഡൗണ്‍ മറവില്‍ ശാസ്താംകോട്ട – ചവറ റൂട്ടില്‍ ആഞ്ഞിലിമൂട് മുതല്‍ പൊട്ടക്കണ്ണന്‍ മുക്ക് വരെയുള്ള ഭാഗത്ത് നവീകരണം നടത്തിയതാണ് റോഡും പാതയോരവും തമ്മില്‍ ഉയരവ്യത്യാസമുണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ നടന്ന അശാസ്ത്രീയ റോഡു നിര്‍മ്മാണത്തില്‍ ആര്‍.എസ്. പി മൈനാഗപ്പള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പി.ഡബ്ലിയു.ഡി അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ലോക്കല്‍ സെക്രട്ടറി ശ്രീകുമാര്‍ വേങ്ങ ആവശ്യപ്പെട്ടു.