ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക്​ ഓണ്‍ലൈനില്‍ ഏറ്റവും ‘പണി’തരുന്ന സെലിബ്രിറ്റി പോര്‍ച്ചുഗല്‍ ഫുട്​ബാള്‍ താരം ക്രിസ്​റ്റ്യാനോ റൊണാള്‍ഡോയാണെന്ന്​ മെക്കാഫി (McAfee)റിപ്പോര്‍ട്ട്​. കമ്പ്യുട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സോഫ്​റ്റ്​വെയര്‍ നിര്‍മാതാക്കളായ മെക്കാഫി ഏറെ പഠനത്തിന്​ ശേഷമാണ്​ റിപ്പോര്‍ട്ട്​ പുറത്തുവിട്ടത്​. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെക്കാഫി ആന്‍റി വൈറസ്​ സോഫ്​റ്റ്​വെയര്‍ നിര്‍മാണരംഗത്തും സജ്ജീവമാണ്​.

ഇന്‍റര്‍നെറ്റില്‍ ഏറ്റവും ദോഷകരവും സിസ്​റ്റത്തെ അപായപ്പെടുത്തുന്നതുമായ ലിങ്കുകള്‍ കയറിക്കൂടുന്നത്​ ക്രിസ്​റ്റ്യാനോ റൊണാള്‍ഡോയുടെ പേര്​ സെര്‍ച്ച്‌​ ചെയ്യു​മ്പോഴെന്നാണ്​ മെക്കാഫി മുന്നറിയിപ്പ്​ നല്‍കുന്നത്​. ഈ പേര്​ സെര്‍ച്ച്‌​ ചെയ്യുമ്പോള്‍ യൂസേഴ്​സ്​ അറിയാതെ കമ്പ്യുട്ടറുകളെ തകരാറിലാക്കുന്ന പ്രോ​ഗ്രാമുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്യപ്പെടുന്നതായും മെക്കഫേ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്​റ്റ്യനോയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ലൈവ്​ സ്​ട്രീമിങ്​ ​വെബ്​സൈറ്റുകളെക്കുറിച്ചും മെക്കഫേ മുന്നറിയിപ്പ്​ നല്‍കുന്നു.


റൊണാള്‍ഡോ കഴിഞ്ഞാല്‍ ‘അപകടകരമായ’ സെലിബ്രിറ്റി ബോളിവുഡ്​ നടി തബുവാണ്​. ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നു, സോനാക്ഷി സിന്‍ഹ, അനുഷ്​ക ശര്‍മ, ഷാരൂഖ്​ ഖാന്‍, ഗായകരയായ അര്‍മാന്‍ മാലിക്​, അര്‍ജിത്​ സിങ്​, സീരിയല്‍ നടി ദിവ്യങ്ക ത്രിപാഠി എന്നിവരും ‘അപകടകരമായ’ സെലിബ്രിറ്റികളില്‍ ആദ്യപത്തിലുണ്ട്​.

വ്യാജ സ്​ട്രീമിങ്​ സൈറ്റുകള്‍ ഒഴിവാക്കണമെന്നും ലിങ്കുകള്‍ സൂക്ഷിച്ച്‌​ ക്ലിക്ക്​ ചെയ്യണമെന്നും മെക്കഫേ ഉപദേശിക്കുന്നു.