ദുബായ് എക്സ്പോ വേദിയിലേക്കുള്ള റൂട്ട് 2020 മെട്രോ പാതയിലൂടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യാത്ര നടത്തി. ട്രെയിനിലെ സംവിധാനങ്ങള്‍, പാതയുടെ പ്രത്യേകതകള്‍, സ്റ്റേഷനുകളുടെ പ്രവര്‍ത്തനം എന്നിവ അദ്ദേഹം വിലയിരുത്തി. ജബല്‍അലി സ്റ്റേഷനില്‍ ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു.
ദുബായ് കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് മെട്രോ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗത രംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലാണെന്നും വ്യക്തമാക്കി. റൂട്ട് 2020 ജൂലൈ എട്ടിനാണു തുറന്നത്. പൊതുജനങ്ങള്‍ക്ക് ഉടന്‍ യാത്രചെയ്യാനാകും. 1,100 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ പാതയില്‍ 7 സ്റ്റേഷനുകള്‍. 15 ട്രെയിനുകളാണ് ഈ പാതയിലുള്ളത്. റെഡ് ലൈനില്‍ നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷന്‍ മുതല്‍ എക്സ്പോ വേദിയിലേക്കുള്ള 15 കിലോമീറ്റര്‍ പാതയാണിത്.