തിരുവനന്തപുരം: റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ജയിലിലാക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ജയില്‍ മേധാവി ഉത്തരവിട്ടു. ഉത്തരവ് വലച്ചത് പോലീസുകാരെയും. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമയമെടുക്കുമെന്നതും അതുവരെ ഇവരെ പാര്‍പ്പിക്കാന്‍ സജ്ജികരണങ്ങളില്ലാത്തതും പോലീസിനെ വെട്ടിലാക്കി. തുടര്‍ന്ന് തുടര്‍ന്ന് ജയില്‍മേധാവി ഋഷിരാജ് സിങ് ഉത്തരവില്‍ കഴിഞ്ഞദിവസം മാറ്റംവരുത്തുകയായിരുന്നു.

പ്രതികളെ പലയിടത്തും പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആരോഗ്യവകുപ്പിന്റെ പട്ടികയിലില്ലാത്തവരുടെ സ്രവപരിശോധന നടത്താനാവില്ലെന്നായിരുന്നു മറുപടി. പരിശോധനയ്ക്ക് സമ്മതിച്ച സ്ഥലങ്ങളില്‍ ഫലം ലഭിക്കാന്‍ കാത്തിരിക്കണമെന്ന അവസ്ഥയുമായി. പ്രതികളുടെ പരിശോധനാഫലം ലഭിക്കുന്നതുവരെ ജില്ലാ ഭരണകൂടത്തിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ജയിലിലേതിന് സമാനമായ സുരക്ഷാസജ്ജീകരണങ്ങളോടെ പാര്‍പ്പിക്കണമെന്നും ജയില്‍മേധാവി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോവിഡ് സംശയങ്ങളില്ലാത്തവരെയും ക്വാറന്റീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരെയും ക്വാറന്റീന്‍കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്നായി അധികൃതര്‍.

തുടര്‍ന്ന് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റിന് പകരം കോവിഡ് ഒ.പി.യില്‍നിന്ന് കോവിഡ് ലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്ന് ഉത്തരവിറക്കി. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ്ജയിലിനെ കോവിഡ് നിരീക്ഷണജയിലായി പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവര്‍ക്കുവേണ്ടിയാണിത്. കൊട്ടാരക്കരയിലുണ്ടായിരുന്ന 70 തടവുകാരെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റാനും അനുമതി നല്‍കി. തിരുവനന്തപുരം ജില്ലയിലെ പ്രതികളെ സ്‌പെഷ്യല്‍ സബ്ജയില്‍ ഏറ്റെടുത്ത് സിംഗിള്‍ സെല്ലുകളില്‍ മറ്റുപ്രതികളുമായി ഒരു തരത്തിലും സമ്ബര്‍ക്കമില്ലാതെ പാര്‍പ്പിക്കാനും നിര്‍ദേശവും നല്‍കി.