ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് കോവിഡ് പോസിറ്റിവായത് പാര്‍ട്ടിക്കു നല്കിയ തിരിച്ചടി വലുതാണ്. യുക്തിസഹജമായ പോരാട്ടത്തില്‍ നിന്നും പാര്‍ട്ടിയെ ഇതു പിന്നോട്ടു വലിക്കുന്നുവെന്നതാണ് പ്രശ്നം. വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍ലി വോട്ടിങ് സിസ്റ്റം നടപ്പിലായി കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. ആരോഗ്യമില്ലാത്തയാളാണോ നിങ്ങളെ നയിക്കേണ്ടത് എന്നാണ് ഡെമോക്രാറ്റുകളുടെ ചോദ്യം. കോവിഡ് രോഗം മൂലം മരിച്ച രണ്ടുലക്ഷം പേരുടെ ജീവന് കൈപിടിയിലൊതുക്കി പന്താടിയ ട്രംപിന് പകര്‍ച്ചവ്യാധി പിടിപെട്ടുവെന്നതാണ് വലിയ സംഭവമായി എതിരാളികള്‍ അവതരിപ്പിക്കുന്നത്. യാഥാസ്ഥിതിക മനോഭാവവും അതിന്റെ അവതാരപുരുഷനായി സ്വയം അവതരിപ്പിക്കുകയും ചെയ്തുവെന്നതാണ് ട്രംപ് വരുത്തിയ വിന. അതുകൊണ്ടു തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വന്തം അണികളോട് ഇക്കാര്യം വിശദീകരിച്ചു ഫലിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടി വരും.
പകര്‍ച്ചവ്യാധിയെ പേടിച്ച് വായ്മൂടി കെട്ടിയ ഭീരുവാണ് രാജ്യത്തെ നയിക്കാനായി ഇറങ്ങിയ വിഢ്ഢിയെന്നാണ് ഡെമോക്രാറ്റിക്ക് നോമിനി ജോ ബൈഡനെ ട്രംപ് വിശേഷിപ്പിച്ചത്. ഫെഡറല്‍ ഏജന്‍സികളുടെ മുന്നറിയിപ്പുകളെ അതു കൊണ്ടു തന്നെ ട്രംപ് മുഖവിലയ്ക്കെടുത്തില്ല. മാസ്ക്ക് ധരിക്കണമെന്ന് പറഞ്ഞപ്പോഴും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ട്രംപിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതു നിരസിക്കുകയും താന്‍ പങ്കെടുത്ത ചടങ്ങിനെത്തിയവരോട് അതൊക്കെ ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. അതൊക്കയും തന്റെ വിജയിക്കാനാവാശ്യമായ ന്യായങ്ങളായി പ്രചരിപ്പിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇത് എത്രമാത്രം പുതിയ വോട്ടര്‍മാരുടെ മനസ്ഥിതിയെ വോട്ടെടുപ്പില്‍ സ്വാധീനിക്കുമെന്നു കണ്ടറിയണം.
ഡെമോക്രാറ്റിക്ക് പ്രതിനിധികള്‍ക്കു തെരഞ്ഞെടുപ്പില്‍ വലിയ വിജയപ്രതീക്ഷ കുറവാണ്. അതായത്, അവര്‍ നേടിയെടുത്ത അഭിപ്രായസര്വ്വേകളിലൊക്കെയും വിജയിക്കാന്‍ കഴിഞ്ഞെങ്കിലും അതിലൊന്നും തന്നെ പ്രസിഡന്റാവാന്‍ തക്ക ഭൂരിപക്ഷം നിലനിര്‍ത്താന്‍ ബൈഡനോ കമല ഹാരിസിനോ കഴിയുന്നില്ല. വോട്ടെടുപ്പിനോടടുക്കുമ്പോള്‍ കാര്യങ്ങള്‍ തലകുത്തി മറിയുമെന്നും അവര്‍ പേടിക്കുന്നു. വലിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഭരണവിരുദ്ധ പ്രചാരണം കൃതിമായി വോട്ടര്‍മാരിലേക്ക് എത്തിക്കാനാവുന്നില്ല. പുതിയ തലമുറയെ സ്വാധീനിക്കാനാവുന്നില്ല. വംശീയമായ പോലും പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടാനുമാവുന്നില്ല. അതൊരു വലിയ പോരായ്മയായി പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
വെള്ളക്കാര്‍ക്ക് മേല്‍ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തുന്ന കലാപങ്ങളെ പിന്തുണച്ചത് വലിയ തിരിച്ചടിയായേക്കാം. ഇതിനെ മറികടക്കാന്‍ മാനുഷിക സിദ്ധാന്തങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ വലിയ സംസ്ഥാനങ്ങളില്‍ പ്രായോഗികമാവുന്നില്ല. കാലിഫോര്‍ണിയയില്‍ നേരിട്ട ഈ ആശയ പരാജയത്തെ മറികടക്കാനാണ്, അവിടെ കാട്ടുതീ പടര്‍ന്നപ്പോള്‍ പരിസ്ഥിതിയെ കൂട്ടുപിടിച്ചത്. എന്നാല്‍, അവിടെ ട്രംപ് പ്രയോഗിച്ച പ്രായോഗികക്ഷമത ഡെമോക്രാറ്റുകളുടെ നടുവ് ഒടിച്ചുവെന്നതാവും ശരി. മനുഷ്യന് ജീവിച്ചിട്ടു മതി കാടു സംരക്ഷണമെന്നും കാട്ടുതീ പടര്‍ത്തുന്ന സകലമാന മരങ്ങളും വെട്ടിക്കളയാനുമാണ് പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇതിന് അദ്ദേഹത്തിനു കഴിയുകയും ചെയ്യും. കാലിഫോര്‍ണിയ അടക്കം പതിനൊന്നു സംസ്ഥാനങ്ങളിലെയും ദേശിയ ഉദ്യാനമടക്കം ഫെഡറല്‍ ഭൂമിയാണ്. അവിടെ എന്തു ചെയ്യാനും സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ല. കാട്ടുതീയില്‍പ്പെട്ടു സകല സമ്പാദ്യങ്ങളും നശിച്ചവര്‍ക്ക് എല്ലാ സഹായവും അടിയന്തരമായി നല്കാന് കൂടി ട്രംപ് നിര്‍ദ്ദേശിച്ചതോടെ അദ്ദേഹം അവര്‍ക്ക് ദൈവദൂതനായി. ഡെമോക്രാറ്റുകള്‍ നിര്‍മ്മിച്ച വാതകഉദ്വമന സിദ്ധാന്തമാവട്ടെ പ്രദേശവാസികള്‍ തള്ളിക്കളയുകയും ചെയ്തു.
കോവിഡിനെയും വാക്സിനെയും മാത്രം കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നു ഇരുപക്ഷത്തിനുമറിയാം. അതു കൊണ്ടാണ് മരണം രണ്ടു ലക്ഷം കടന്നിട്ടും ഇരുപാര്‍ട്ടികളും സ്റ്റേ അറ്റ് ഹോമിനെയും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെയും കൂട്ടുപിടിക്കാതിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ചൂടുള്ള വിഷയങ്ങളായിരുന്നു ആവശ്യം. അതു കൊണ്ടു വംശീയതയെ ആളിക്കത്തിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. വലതുപക്ഷ വെള്ളക്കാരുടെ പരമ്പരാഗത സമൂഹത്തെ കൂടെനിര്ത്തുന്നതിനൊപ്പം പുരോഗമനവാദികളായ യുവത്വത്തെയും തീവ്രമായി ചിന്തിക്കുകയും ശാസ്ത്രയെും യുക്തിയെയും മാത്രം കൂട്ടുപിടിക്കുന്ന ചെറുഗ്രൂപ്പുകളെയും റിപ്പബ്ലിക്കന്മാര് ചേര്‍ത്തുപിടിച്ചു. ഇവരുടെ ഈ നടപടികളെയാണ് ആദ്യം ഡെമോക്രാറ്റുകള്‍ ചോദ്യം ചെയ്തത്. കുടിയറ്റതിനെതിരേയുള്ള പ്രാദേശിക, വംശീയ വാദങ്ങള്‍ രാജ്യത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയും ഇല്ലാതാക്കുമെന്നും അവര്‍ വാദിച്ചു. അതു വോട്ടര്‍മാര്‍ ഏതാണ്ട് കേട്ടമട്ടായിരുന്നു, അപ്പോഴേയ്ക്കും കറുത്തവംശജര്‍ പോലീസ് പീഢനമാരോപിച്ച് തെരുവിലിറങ്ങി. അതിലെ രാഷ്ട്രീയും ഊതിക്കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് കാര്യം കൈവിട്ടു പോയിയെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ സംഭവങ്ങളെ രാഷ്ട്രീയമായി കണ്ടപ്പോള്‍ എതിരാളികള്‍ അത് വര്‍ഗ്ഗീയമായി മുദ്രകുത്തി. അങ്ങനെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നത് ഡെമോക്രാറ്റുകളുടെ പോഷകസംഘടന എന്ന നിലയിലേക്ക് ഉയര്‍ന്നു. വെള്ളക്കാരുടെ വ്യാപാരസ്ഥാപനങ്ങള്‍ മാത്രം ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക്, അവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഭീതിവിടര്ത്താനായി. ഇതിനു പിന്നില്‍ ഡെമോക്രാറ്റുകളാണെന്ന പ്രചാരണം കൂടി ശക്തമായതോടെ ബൈഡന്റെ ജനപിന്തുണയില്‍ കാര്യമായ ഇടിവുണ്ടായി.
സുപ്രീംകോടതി ജഡ്ജിയായി പാരമ്പര്യത്തെയും മതത്തെയും കൂട്ടുപിടിക്കുന്ന ജഡ്ജി ആമി വന്നതോടെ ട്രംപ് മാനസികമായി ഏതാണ്ട് വിജയിച്ച മട്ടായിരുന്നു. എന്നാല്‍ വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച ഈ ചടങ്ങില്‍ വച്ചാണ് അദ്ദേഹത്തിനു കോവിഡ് പകര്‍ന്നു കിട്ടിയതെന്ന പുതിയവിവരമാണ് ഇപ്പോള്‍ അമേരിക്കക്കാരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. കോവിഡിന്റെയും വാക്സിനേഷന്റെയും കാര്യത്തില്‍ തുടര്‍ഭരണമുണ്ടായാല്‍ തീരുമാനമുണ്ടാകുവെന്ന് കൂടുതല്‍ അമേരിക്കക്കാരും കരുതിയിരിക്കുമ്പോഴാണ് പ്രചാരണത്തിലടക്കം ട്രംപ് പിന്നോട്ടു പോയത്. എന്നാല്‍, അതു മറികടക്കാന്‍ തനിക്ക് കഴിയുമെന്നും സ്വന്തം ജീവനേക്കാള്‍ പ്രധാനം രാജ്യത്തെ ജനങ്ങളാണെന്നും അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ അവതരിപ്പിക്കുന്നു. അതാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ മൂലമന്ത്രമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചറിയുന്നു.