ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഇതേ തുടർന്ന് ഡൽഹി- ഉത്തർപ്രദേശ് യമുന ഹൈവേയിലൂടെ ഹത്രാസിലേക്ക് രാഹുലും പ്രിയങ്കയും കാൽനടയാത്ര ആരംഭിച്ചു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുപി സർക്കാർ ഹത്രാസിലും പരിസപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ആൾക്കൂട്ടങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് അതിർത്തിയിൽ നേതാക്കളെ പോലീസ് തടഞ്ഞുനിർത്തിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധം ആരംഭിച്ചതോടെ വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ശേഷം ഗ്രേറ്റർ നോയിഡയിൽ വാഹനവ്യൂഹം നിർത്തിയ രാഹുലും പ്രിയങ്കയും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നടക്കാൻ തുടങ്ങിയത്. ഹത്രാസിൽ നിന്ന് 142 കിലോമീറ്റർ അകലെ നിന്നാണ് ഇവർ നടത്തം ആരംഭിച്ചത്.
ഇന്ന് രാവിലെ മുതൽ ഹത്രാസിൽ പ്രവേശിക്കുന്നതിന് മാധ്യമങ്ങളെയും വിലക്കിയിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ നിയന്ത്രണങ്ങളുണ്ടെന്നും ഒക്ടോബർ 31 വരെ നീട്ടിയതായും യുപി പൊലീസ് അവകാശപ്പെട്ടു.