തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ഒമ്പത് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. ബെവ്ക്യൂ വഴി ബുക്കിംഗ് പുരോഗമിക്കുന്നു. 235000 പേര് ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ആപ്പിലൂടെമാത്രമുള്ള ബുക്കിംഗ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും.
വാങ്ങാനെത്തുന്നവര്‍ക്കു തെര്‍മല്‍ സ്കാനിംഗ് ഉണ്ട്. ഇന്ന് മുതല്‍ 877 ഇടങ്ങളിലാണ് മദ്യവിതരണം. ബെവ്കോയുടെ 301 ഔട്ട്ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും ലഭിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് അറിയിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറക്കുന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ തുക ബെവ്കോയ്ക്ക് നല്‍കണം. ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് ചാര്‍ജില്ല.